കോഴിക്കോട്: ഇന്നലെ ചേര്‍ന്ന കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പ്രതിനിധികള്‍ എത്തിയത് റാന്തല്‍ വിളക്കുമായി. വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക സമരം.
അപ്രഖ്യാപിത പവര്‍കട്ടുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി നല്കാത്തണമെന്ന ആവശ്യം മേയര്‍ അംഗീകരിച്ചില്ല. അടിയന്തര കൗണ്‍സില്‍ ആയതിനാല്‍ അടിയന്തിര പ്രമേയം പറ്റില്ലെന്നും ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുണ്ടെന്നും മേയര്‍ വിശദീകരിച്ചു.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനിക്ക് ജിഎസ്ടി തുക അനുവദിച്ചതുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ കൗണ്‍സിലിലെ അജന്‍ഡയെ ചൊല്ലിയായിരുന്നു ബഹളം. കഴിഞ്ഞ കൗണ്‍സിലില്‍ അജന്‍ഡ മാറ്റിവച്ചത് മിനുട്സില്‍ ചേര്‍ത്തില്ലെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാല്‍, അജന്‍ഡ മാറ്റിവച്ചിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. ബിജെപിയിലെ നമ്പിടി നാരായണന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഈ വിയോജനക്കുറിപ്പോടെ തീരുമാനം സര്‍ക്കാരിലേക്ക് അയക്കുമെന്ന് സെക്രട്ടറി ഡി. സാജു വ്യക്തമാക്കി.